Monday, May 9, 2011

intel | 22nm 3d ivy bridge processsor | microprocessor

വിപ്ലവം സൃഷ്ടിക്കാന്‍ ഇന്റലിന്റെ 'ഐവി ബ്രിഡ്ജ്'

Posted on: 09 May 2011


-എം.ബഷീര്‍




ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ കമ്പനി, അതിന്റെ ആവനാവിയിലെ പുതിയ ആയുധം അവതരിപ്പിച്ചു. സാങ്കേതികരംഗത്ത് വിപ്ലവം കുറിക്കാന്‍ പോന്ന നൂതന മൈക്രോപ്രോസസറാണത്.

'ഐവി ബ്രിഡ്ജ്' എന്ന് കോഡുനാമം നല്‍കിയിട്ടുള്ള പുതിയ മൈക്രോപ്രോസസര്‍ ശ്രേണി, ആദ്യമായി 22 നാനോമീറ്റര്‍ നിര്‍മാണസങ്കേതം അവലംബിക്കുന്നവയാകും. നിലവിലുള്ള 32 നാനോമീറ്റര്‍ ഉത്പാദന പ്രക്രിയയെക്കാള്‍ മികച്ചതാണ് 22 നാനോമീറ്റര്‍ ഉത്പാദന പ്രക്രിയ.

മാത്രമല്ല, ട്രൈഗേറ്റ് ''3ഡി'' ട്രാന്‍സിസ്റ്ററുകള്‍ (Tri-Gate '3D' transistors) ഉപയോഗിക്കുന്നവയാകയാല്‍, പുതിയ പ്രോസസറുകള്‍ കൂടിയ ഊര്‍ജക്ഷമതയുള്ളവയായിരിക്കുമെന്നും ഇന്റല്‍ അറിയിക്കുന്നു.

വ്യവസായികാടിസ്ഥാനത്തിലുള്ള പ്രോസസര്‍ നിര്‍മാണരംഗത്തെ മുന്നോട്ടു നയിക്കുന്ന അര്‍ഥവത്തായ ഒരു നീക്കമാണ് ഇന്റലിന്റെ ഈ പ്രഖ്യാപനം. സിലിക്കണ്‍ ചിപ്പുകളില്‍ കൂടുതല്‍ കൂടുതല്‍ ട്രാന്‍സിസ്റ്ററുകള്‍ ഉള്‍ക്കൊള്ളിക്കുകയെന്നതാണ്, പ്രോസസര്‍ നിര്‍മാണത്തിലെ വെല്ലുവിളി.

ഈ വെല്ലുവിളിയിലെ മുഖ്യ ഘടകം നാനോമീറ്റര്‍ അളവില്‍ കണക്കാക്കപ്പെടുന്ന 'ട്രാന്‍സിസ്റ്റര്‍ ഗേറ്റ്' ആണ്. ഒരു നാനോമീറ്റര്‍ എന്നത് ഒരു മീറ്ററിന്റെ നൂറുകോടിയിലൊരംശം വരും. ഏതാണ്ട് അറുപതിനായിരം നാനോമീറ്ററാണ് മനുഷ്യന്റെ തലമുടിയുടെ കനം! നിലവിലുള്ള മൈക്രോചിപ്പ് സങ്കേതത്തിലുള്ളത് 32 നാനോമീറ്റര്‍ 'ഗേറ്റാ'ണ്.

ഗേറ്റിന്റെ വലിപ്പം 22 നാനോമീറ്റര്‍ ആകുകയെന്നതാണ് പുതിയ നിര്‍മാണ പ്രക്രിയയില്‍ സംഭവിക്കുക. മൈക്രോപ്രോസസറുകളുടെ പരിണാമത്തില്‍ അടുത്ത ഘട്ടം 22 നാനോമീറ്റര്‍ ആയിരിക്കുമെന്ന് പൊതുവെ ധാരണയുണ്ടായിരുന്നെങ്കിലും, ഇന്റല്‍ അത് സാധിക്കുന്നതെങ്ങനെയെന്നത് വെളിപ്പെടുത്തിയിട്ടില്ല.

ഈവര്‍ഷം അവസാനത്തോടെ പുതിയ നിര്‍മാണപ്രക്രിയയില്‍ മൈക്രോപ്രോസസറുകള്‍ നിര്‍മിക്കാന്‍ തുടങ്ങാനാകും എന്നാണ് ഇന്റല്‍ അധികൃതര്‍ കണക്കുകൂട്ടുന്നത്. ട്രൈഗേറ്റ് ട്രാന്‍സിസ്റ്ററുകളുടെ വരവ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപഘടനയില്‍ വലിയ മാറ്റംതന്നെ സൃഷ്ടിക്കുമെന്ന് ഇന്റലിന്റെ 22 നാനോമീറ്റര്‍ സാങ്കേതികതയുടെ പ്രോഗ്രാം മാനേജര്‍ കൈസാഡ് മിസ്ട്രി പറയുന്നു.

32 നാനോമീറ്റര്‍ പ്രോസസറുപയോഗിച്ചുള്ള ട്രാന്‍സിസറ്ററുകളുടെ സ്ഥാനത്ത് ഏകദേശം ഇരട്ടിയോളം ട്രാന്‍സിസ്റ്ററുകള്‍ സാധ്യമാക്കുന്നതാണ് ട്രൈഗേറ്റ് രൂപകല്‍പന. അടുത്ത തലമുറ ചിപ് ഉത്പാദനം 14 നാനോമീറ്ററിന്റെയും, തുടര്‍ന്നുള്ളത് 11 നാനോമീറ്ററിന്റെയുമായിരിക്കുമെന്നും കിസാഡ് മിസ്ട്രി ചൂണ്ടിക്കാട്ടുന്നു. ഒരു ആറ്റത്തിന്റെ വിസ്താരം 0.5 നാനോമീറ്ററാണെന്നറിയുക.

മൈക്രോപ്രോസസര്‍ വില്‍പനയുടെ 80 ശതമാനവും കൈയാളുന്നത് ഇന്റലാണ്. മുഖ്യപ്രതിയോഗിയായ എഎംഡിയ്ക്ക 19 ശതമാനമാണ് വിപണി വിഹിതം. എഎംഡി 2008 ല്‍ തന്നെ 22 നാനോമീറ്റര്‍ ചിപ്പിന്റെ ആദ്യരൂപം നിര്‍മിച്ചെങ്കിലും, ആ രംഗത്ത് കാര്യമായി മുന്നോട്ട് പോകാന്‍ കമ്പനിക്ക് കഴിഞ്ഞില്ല.

കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പ്രോസസറുകളുടെ നിര്‍മാണത്തില്‍ മേധാവിത്വമുള്ളത് ബ്രിട്ടന്‍ കേന്ദ്രമായുള്ള എആര്‍എം ഹോള്‍ഡിങ്‌സിനാണ്. ഇന്റലിന്റെ പ്രഖ്യാപനത്തില്‍ തെല്ലും അത്ഭുതമില്ലെന്ന് എആര്‍എം വക്താവ് ഇയാന്‍ ഡ്രൂ അഭിപ്രായപ്പെട്ടു. 'ചിപ്പുകളുടെ മേന്‍മ വര്‍ധിപ്പിക്കാനുള്ള ശ്രമം ഒരു തുടര്‍പ്രക്രിയയാണ്. ഇന്റല്‍ മാത്രമല്ല, ഈ രംഗത്തെ മിക്ക കമ്പനികളും ആ പ്രവര്‍ത്തനം നടത്തുന്നുണ്ട്'-അദ്ദേഹം ചൂണ്ടിക്കാട്ടി.

22 നാനോമീറ്റര്‍ സവിശേഷതകളുള്ള ചിപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനകം എആര്‍എം വികസിപ്പിച്ചു കഴിഞ്ഞു. 14 നാനോമീറ്റര്‍ ചിപ്പിന് രൂപംനല്‍കാനായി ഐബിഎം കമ്പനിയുമായി അവര്‍ കരാറും ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.